തലയ്ക്കു പിന്നില്‍ വലിയ ബാന്റേജുമായി കിം പൊതുപരിപാടിയില്‍; കിമ്മിന് എന്തു പറ്റിയെന്ന് അന്വേഷിച്ച്‌ ലോക രാജ്യങ്ങള്‍

തലയ്ക്കു പിന്നില്‍ വലിയ ബാന്റേജുമായി കിം പൊതുപരിപാടിയില്‍; കിമ്മിന് എന്തു പറ്റിയെന്ന് അന്വേഷിച്ച്‌ ലോക രാജ്യങ്ങള്‍

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം പരമ രഹസ്യമാണ്. ഇവിടെ നിന്നുള്ള വിവരങ്ങള്‍ പുറം ലോകത്ത് എത്തുന്നത് തന്നെ വളരെ കുറവാണ്. പുറം ലോകവുമായി കിമമ്മിനോ ഉത്തരകൊറിയയ്‌ക്കോ കാര്യമായി ബന്ധമില്ലാത്തത് തന്നെയാണ് ഇതിനു കാരണം. ഇപ്പോള്‍ ഇതാ ആരോഗ്യ കാരണങ്ങളാല്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് കിം ജോങ് ഉന്‍.

കഴിഞ്ഞ ദിവസങ്ങളില്‍ തലയ്ക്കു പിന്നില്‍ വലിയ സ്റ്റാംപ് വലുപ്പത്തിലുള്ള ബാന്റേജ് ഒട്ടിച്ചാണു കിം പൊതുപരിപാടകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതാണു കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയ്ക്കു കാരണമായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂലൈ 24 മുതല്‍ 27 വരെ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണു കിമ്മിന്റെ തലയില്‍ ബാന്റേജ് ഉണ്ടായിരുന്നത്. ഉത്തര കൊറിയയിലെ ഔദ്യോഗിക വാര്‍ത്താ സൈറ്റിലും ചിത്രം പ്രത്യക്ഷപ്പെട്ടു.

തലയുടെ പിന്‍ഭാഗം ഷേവ് ചെയ്തുള്ള ഹെയര്‍ സ്‌റ്റൈല്‍ ആയതിനാല്‍ കിമ്മിന്റെ ബാന്റേജ് വ്യക്തമായി കാണാമായിരുന്നു. ബാന്റേജ് മാറ്റിയ ശേഷമുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബാന്റേജ് ഉണ്ടായിരുന്ന ഭാഗത്തു കടുംപച്ച നിറമായാണു പിന്നീടു കാണുന്നത്. ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും കിമ്മിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി ഉത്തര കൊറിയയില്‍നിന്നു റിപ്പോര്‍ട്ടില്ല. കോവിഡ്, സാമ്ബത്തിക പ്രയാസം, ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രതിസന്ധികളെ കിം എങ്ങനെ നേരിടുമെന്ന ചോദ്യങ്ങള്‍ക്കിടെയാണ് ഈ ചിത്രം വരുന്നത്.

ഇതിനുമുന്‍പു കിമ്മിന്റെ തടി കുറഞ്ഞപ്പോഴും വലിയ ചര്‍ച്ച നടന്നിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണു കിം മെലിഞ്ഞതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. മേയില്‍ ഏറെ ദിവസവും പൊതുചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണോ എന്ന നിലയ്ക്കായിരുന്നു ചര്‍ച്ച. അമിതവണ്ണവും പുകവലിയും ഉള്ളതിനാല്‍ കിമ്മിന് അസുഖങ്ങളുണ്ടെന്നാണു റിപ്പോര്‍ട്ട്.