Home / Health / കണ്ണിനെ കളയും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം
കണ്ണിനെ കളയും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം

കണ്ണിനെ കളയും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം

തൊഴിലിടത്തിലും നിത്യജീവിതത്തിലും കമ്പ്യൂട്ടര്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു. കമ്പ്യൂട്ടറില്‍ നോട്ടമൂന്നി ദീര്‍ഘനേരം ജോലി ചെയ്യുന്നത് കണ്ണിന് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. ജോലിസ്ഥലത്തും വീട്ടിലെ ഓഫീസ് സ്‌പേസിലും കണ്ണിന് വില്ലനാവുന്നത് കമ്പ്യൂട്ടറും ലാപ്‌ടോപ്പുമാണെങ്കില്‍ യാത്രയിലും ഫ്രീ ടൈമിലും എന്തിന് പറയുന്നു ബെഡ്‌റൂമില്‍ പോലും കണ്ണിന് വില്ലനാവുന്നത് സ്മാര്‍ട്ട് ഫോണാണ്.

എന്നാല്‍ കണ്ണിനെ ഇത്രയും അധികം സമ്മര്‍ദ്ദത്തിലാഴ്ത്തിയാല്‍ കണ്ണും പതുക്കെ പ്രതികരിച്ചു തുടങ്ങും. അത് കാഴ്ചക്കുറവിന്റെ രൂപത്തിലോ മറ്റ് കണ്ണ് രോഗങ്ങളുടേയോ അസ്വസ്ഥകളുടേയോ രൂപത്തിലായിരിക്കുമെന്നു മാത്രം. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ നോക്കിയിരുന്ന് ജോലി ചെയ്താല്‍ കണ്ണിന്റെ കാഴ്ചയ്ക്ക് കാര്യമായ തകരാര്‍ തന്നെ സംഭവിക്കും. കാഴ്ചക്കുറവ് ആദ്യം കണ്ണാടി വെച്ച് പരിഹരിക്കാന്‍ കഴിയുമെങ്കില്‍ പിന്നീട് അത് സങ്കീര്‍ണമായ കാഴ്ച പ്രശ്‌നങ്ങളിലേക്കെത്തിക്കും.

കമ്പ്യൂട്ടര്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നതിലൂടെ കണ്ണിനുണ്ടാവുന്ന പ്രധാന പ്രശ്‌നമാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം. അമേരിക്കന്‍ ഒപ്‌ടോമെട്രിക് അസോസിയേഷന്‍ നല്‍കുന്ന നിര്‍വ്വചനമനുസരിച്ച് കമ്പ്യൂട്ടര്‍, ടാബ്ലെറ്റ്, ഈ റീഡര്‍, സെല്‍ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ദീര്‍ഘനാളത്തെ ഉപയോഗം മൂലം കണ്ണിനും കാഴ്ചയ്ക്കും ഉണ്ടാവുന്ന തകരാറുകളാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം.

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം, രോഗവും ലക്ഷണങ്ങളും ഇങ്ങനെ

കണ്ണിന് വേദന, കണ്ണിന് അമിതമായ ചൂട്,  കണ്ണ് ചൊറിച്ചില്‍, കണ്ണു ചുവക്കുക, കാഴ്ച മങ്ങുക, വരണ്ട കണ്ണുകള്‍ തുടങ്ങിയവയാണ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധാരണയായി കണ്ണിന് അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു മൂലം ഒരാള്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന ഒന്നോ അതിലധികമോ പ്രശ്‌നങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ അത് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രത്തിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണെങ്കിലും കണ്ണില്‍ പ്രകടമാവാത്ത ചില ലക്ഷണങ്ങളും ഈ രോഗത്തിനുണ്ട്. കഴുത്തിന് പിന്നിലെ വേദന, പുറം വേദന. തോളിലെ വേദന തുടങ്ങിയവ ഈ രോഗത്തിന്റെ കണ്ണുമായി ബന്ധമില്ലാത്ത ലക്ഷണങ്ങളാണ്.

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രത്തെ നിര്‍ണയിക്കാം

ലക്ഷണങ്ങളെ വിദഗ്ധമായി നിരീക്ഷിച്ചു കൊണ്ടുതന്നെയാണ് സിവിഎസിനെ നിര്‍ണയിക്കേണ്ടത്. ഇതിന് നേത്രരോഗ വിദഗ്ധന്റെ വിദഗ്ധ നിര്‍ദ്ദേശം തന്നെ തേടണം. കാഴ്ച പരിശോധന, കണ്ണിന്റെ വരള്‍ച്ചാ പരിശോധന, കണ്ണിന്റെ ഫോക്കസ് പരിശോധന, തുടങ്ങിയവ രോഗനിര്‍ണയത്തില്‍ ഉള്‍പ്പെടും.

നേത്രരോഗ വിദഗ്ധന്റെ നിര്‍ദ്ദേശ പ്രകാരം രോഗ നിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ ചില മുന്‍കരുതലുകള്‍ നിര്‍ബ്‌നധമായും സ്വീകരിക്കേണ്ടതുണ്ട്. ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍, ലാപ്പ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നോക്കിയും കണ്ടും ഹാനികരമല്ലാത്ത രീതിയില്‍ ഉപയോഗിക്കാന്‍ ആരംഭിച്ചാല്‍ നിലവിലെ രോഗം സങ്കീര്‍ണമാക്കാതെ സൂക്ഷിക്കാം.

കണ്ണിന് വേണ്ടി, കമ്പ്യൂട്ടര്‍ ഉപയോഗ രീതി ക്രമീകരിക്കാം

  • കണ്ണിനു വേണ്ടി 20-20 നിയമം: ഓരോ 20 മിനുട്ടിലും 20 സെക്കന്റ് എന്ന നിലയില്‍ കണ്ണിന് ഇടവേള കൊടുക്കുക. ഇടവേളകളില്‍ കമ്പ്യൂട്ടറില്‍ നിന്നും ഫോക്കസ് മാറ്റി മറ്റൊരു ബിന്ദുവിലേക്ക് ദൃഷ്ടിയൂന്നുക.
  • കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക, നനവ് സൂക്ഷിക്കാന്‍ ഇത് സഹായിക്കും
  • ശരിയായ മോണിറ്റര്‍: എല്‍സിഡി-എല്‍ഇഡി മോണിറ്റര്‍ ഉപയോഗത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ബ്രൈറ്റ്‌നസ്, കോണ്‍ട്രാസ്റ്റ് തുടങ്ങിയവ ശരാശരിയാക്കി ക്രമപ്പെടുത്തുക.
  • ഫോണ്ട് വലിപ്പം വര്‍ധിപ്പിക്കാം. ഇത് കണ്ണിന്റെ സമ്മര്‍ദ്ദം കുറയ്ക്കും.
  • കണ്ണില്‍ നിന്നും 5-9 ഇഞ്ച് അകലത്തില്‍ വേണം മോണിറ്റര്‍ വെയ്ക്കാന്‍.
  • കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന മുറിയില്‍ ആവശ്യത്തിന് പ്രകാശം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
  • കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇരിക്കുന്ന കസേര ആവശ്യത്തിന് വലിപ്പവും ബാക്ക് ഹോള്‍ഡര്‍ ഉള്ളതുമായിരിക്കണം.
  • മോണിറ്ററില്‍ തുറിച്ചു നോക്കുന്ന ശീലം ഒഴിവാക്കുക.

കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ക്ക് കണ്ണുകള്‍ക്ക് പ്രശ്‌നമുണ്ടാവുക സാധാരണമാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഏകദേശം 64 മുതല്‍ 90 ശതമാനം വരെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് സിവിഎസ് ഉണ്ട്. ഉദ്യോഗസ്ഥര്‍ക്കും ടാബ്ലറ്റുകളിലും വീഡിയോ ഗെയിമുകളിലും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന കുട്ടികള്‍ക്കും ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ അവസ്ഥ ഉണ്ടായേക്കാം. ദിവസം മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഐടി, ബിപിഒ, ബങ്കിംഗ്, അക്കൗണ്ടിംഗ്, ഫ്രണ്ട് ഓഫീസ് ജീവനക്കാരും കുട്ടികളും വിദ്യാര്‍ത്ഥികളുമാണ് കൂടുതലും അപകടമേഖലയിലുള്ളത്.

Courtesy: Mathrubhumi News

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top