Home / Health / നിരീക്ഷിക്കൂ, നിങ്ങളിലെ ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ബിപിഡിയുടേതാവാം
നിരീക്ഷിക്കൂ, നിങ്ങളിലെ ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ബിപിഡിയുടേതാവാം

നിരീക്ഷിക്കൂ, നിങ്ങളിലെ ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ബിപിഡിയുടേതാവാം

നാവശ്യമായ ഉത്കണ്ഠ പിരിമുറുക്കം, മനോവിഭ്രാന്തി, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, ആത്മഹത്യാ ചിന്തകള്‍, നിമിഷമെന്നോണം മാറിമറിയുന്ന മനോനില….കേള്‍ക്കുമ്പോള്‍ ഡിപ്രഷന്റേയോ മറ്റേതെങ്കിലും മാനസിക പ്രശ്‌നത്തിന്റേയോ ലക്ഷണങ്ങളായി തോന്നിയേക്കാം. എന്നാല്‍ ഇത്തരം ആപത് സൂചനകള്‍ ഒരുപക്ഷെ വിരല്‍ ചൂണ്ടുന്നത് ബിപിഡി എന്ന ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറിലേക്കാവാം.

എന്താണ് ബിപിഡി

സ്വന്തം വികാരത്തെ വരുതിയിലാക്കാന്‍ സാധിക്കാതെ വൈകാരിക സ്ഥിരത നഷ്ടപ്പെടുന്ന മാനസിക വൈകല്യമാണ് ബിപിഡി. ഇത് ഇമോഷണലി അണ്‍സ്‌റ്റേബിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നും അറിയപ്പെടുന്നു. നമ്മളില്‍ നൂറിലൊരാള്‍ക്ക് ബിപിഡി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്തുകൊണ്ട് ബിപിഡി

ബിപിഡിയുടെ ലക്ഷണങ്ങള്‍ വളരെ വ്യക്തമാണെങ്കിലും കാരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മാനസികവും പാരമ്പര്യപരവും ജൈവികവുമായ പല കാരണങ്ങള്‍ ബിപിഡിയിലേക്ക് നയിച്ചേക്കാം.

പാരമ്പര്യം: കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ബിപിഡി ഉണ്ടായിരുന്നെങ്കില്‍ അത് അടുത്ത വ്യക്തികളിലേക്ക് കൈമാറിക്കിട്ടാന്‍ സാധ്യതയുണ്ട്. വിഷാദരോഗം, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും പാരമ്പര്യമായി കൈമാറ്റത്തിന് വിധേയമാവാറുണ്ട്.

തിക്താനുഭവങ്ങള്‍, ദുരന്താനുഭവങ്ങള്‍: കുട്ടിക്കാലത്തോ അല്ലാതെയോ നേരിടേണ്ടി വന്ന ദുരന്തമോ മോശം അനുഭവങ്ങളോ ബിപിഡിക്ക് വഴിയൊരുക്കാം. ആവശ്യത്തിന് സ്‌നേഹവും കരുതലും ലഭിക്കാതിരിക്കുന്നതും പിന്നീട് ബിപിഡിക്ക് വഴിയൊരുക്കിയേക്കാം.

തലച്ചോറിലെ ചില പ്രവര്‍ത്തനങ്ങള്‍: ബിപിഡി ഉള്ളവരുടെ തലച്ചോറിലെ നാഡീപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഒരു വിഭാഗം ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ലക്ഷണങ്ങള്‍ ഇവയൊക്കെയാവാം

 • ആത്മഹത്യാശ്രമങ്ങള്‍
 • സ്വയം പരുക്കേല്‍പ്പിക്കുന്നതിനുള്ള ശ്രമം
 • ഭീഷണി, വഴക്കടിക്കല്‍, പൊട്ടിത്തെറി, എടുത്തുചാട്ടം
 • മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുന്ന രീതിയില്‍ മനോനിലയിലുണ്ടാവുന്ന മാറ്റം.
 • വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍
 • ചെറിയ പ്രശ്‌നങ്ങളെക്കുറിച്ചു പോലും അനാവശ്യമായ ഉത്കണ്ഠയും പിരിമുറുക്കവും
 • വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്, എളുപ്പം മനസ്സുമാറുന്ന സ്വഭാവം
 • ഭക്ഷണശീലങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍
 • ഉപേക്ഷിക്കപ്പെടും വേര്‍പെടും അല്ലെങ്കില്‍ തിരസ്‌കരിക്കപ്പെടും എന്നുള്ള ഭയം.
 • മനോവിഭ്രാന്തി പ്രദര്‍ശിപ്പിക്കല്‍
 • അപകടകരമായ ലൈംഗിക സ്വഭാവങ്ങള്‍

ബിപിഡിക്ക് ചികിത്സയുണ്ടോ?

ചികിത്സയിലൂടേയും മെഡിറ്റേഷനിലൂടേയും ബിപിഡി സംബന്ധമായ പ്രശ്‌നങ്ങളുടെ സങ്കീര്‍ണത കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചികിത്സയ്ക്കും മരുന്നുകള്‍ക്കും ഒപ്പം സങ്കീര്‍ണമായ കേസുകളില്‍ ഡോക്ടര്‍മാരുടെ ആശുപത്രി ഒബ്‌സര്‍വേഷനും നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. അസുഖത്തിന്റെ തീവ്രത അനുസരിച്ചാവും ചികിത്സയും നിര്‍ദ്ദേശിക്കുക.

ഡയാലക്റ്റിക്കല്‍ ബിഹേവിയര്‍ തെറാപ്പി, സ്‌കീമ-ഫോക്കസ്ഡ് തെറാപ്പി, മെന്റലൈസേഷന്‍ ബേസ്ഡ് തെറാപ്പി, പൊതുവായ മന:ശാസ്ത്ര ചികിത്സ തുടങ്ങിയവ ബിപിഡി ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുന്നു.

മരുന്നുകള്‍

സാധാരണയായി ബിപിഡിക്ക് മരുന്നുകള്‍ നല്‍കാറില്ല. എന്നിരുന്നാലും, മനോനിലയില്‍ സ്ഥിരത കൈവരിക്കാനുള്ള മൂഡ് സ്റ്റെബിലൈസറുകള്‍, ആന്റിഡിപ്രസന്റുകള്‍ എന്നിവ അത്യാവശ്യ ഘട്ടങ്ങളില്‍ നല്‍കിവരുന്നു.

Content Highlight: Borderline Personality Disorder

കടപ്പാട്: Mathrubhumi News

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top