Home / Latest / ഉപതെരെഞ്ഞെടുപ്പുകൾ: ജയിച്ചത് കീഴാള പ്രതിരോധം, തോറ്റതു ഫാസിസ്റ്റു പൊള്ളവാദങ്ങൾ – റാണാ പ്രതാപ്

ഉപതെരെഞ്ഞെടുപ്പുകൾ: ജയിച്ചത് കീഴാള പ്രതിരോധം, തോറ്റതു ഫാസിസ്റ്റു പൊള്ളവാദങ്ങൾ – റാണാ പ്രതാപ്

ഉപതെരെഞ്ഞെടുപ്പുകൾ: ജയിച്ചത് കീഴാള പ്രതിരോധം, തോറ്റതു ഫാസിസ്റ്റു പൊള്ളവാദങ്ങൾ- റാണാ പ്രതാപ്

ഉത്തർപ്രദേശിലും ബീഹാറിലും നടന്ന ലോക്സഭാ-നിയമസഭാ ഉപതെരെഞ്ഞെടുപ്പുകൾ രാജ്യത്തിന് നൽകുന്ന സന്ദേശം എന്താണ്?

മതത്തിന്റെയും ജാതിയുടെയും ആഹാരത്തിന്റെയും പേരിൽ നിരാലംബരായ മനുഷ്യരെ കൊന്നു തള്ളിയ ശേഷം ശിക്ഷിക്കപ്പെടാതെ പോയ ക്രിമിനലുകളെക്കാൾ എത്രയോ ഭേദമാണ് ബീഹാറിൽ അഴിമതിയുടെ പേരിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദും ഉത്തർ പ്രദേശിൽ അഴിമതിയുടെ പേരിൽ പഴികേട്ട അഖിലേഷ് യാദവും മായാവതിയും എന്ന ജനങ്ങളുടെ പൊതുബോധത്തിന്റെ ബാഹ്യ പ്രകടനമാണ് സംഘ പരിവാറിനേറ്റ ഈ കനത്ത തിരിച്ചടികൾ.

ഉത്തർപ്രദേശിലെ ഖോരക്പൂരിലും ഫുൽപൂരിലും ബി.ജെ.പി നേരിട്ടത് സമാനകളില്ലാത്ത വമ്പൻ തോൽവികളാണ് . ഹൈന്ദവ ഭീകരർ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിന്ന് പ്രോത്സാഹിപ്പിച്ച ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യൻ ജനതയോട് കാട്ടിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അതെ തന്ത്രമാണ് മോദിയും അമിത് ഷായും സ്വന്തം രാജ്യത്തോട് കാട്ടിയതു.

2014ലെ തിരഞ്ഞെടുപ്പിൽ 69 ശതമാനം ജനങ്ങൾ എതിർത്തു വോട്ടുചെയ്തിട്ടും 31 ശതമാനം വോട്ടു നേടിയ ബി.ജെ.പി. അധികാരത്തിലെത്തി. ഇന്ത്യൻ ജനതയിൽ മൂന്നിൽ ഒന്നിന്റെ മാത്രം പിന്തുണയെ തങ്ങൾക്കുള്ളു എന്ന യാഥാർഥ്യം ബോധപൂർവം വിസ്മരിച്ചാണ് എതിർ ശബ്ദങ്ങളെയും വ്യത്യസ്ത ചിന്തകളെയും അവർ അടിച്ചമർത്തിയത്. അവർക്കെതിരെ വോട്ടു ചെയ്തവരും അഭിപ്രായം പറഞ്ഞവരും ദേശദ്രോഹികളും, ജിഹാദികളും, മാവോയിസ്റ്റുകളുമായി മുദ്രകുത്തപ്പെട്ടു .

ഖോരക്പൂരിലും ഫുൽപൂരിലും സംഘപരിവാർ തങ്ങളുടെ വോട്ടു ശതമാനം ഏറെക്കുറെ നിലനിർത്തി എന്നതാണ് സത്യം. പക്ഷെ ഭിന്നിപ്പിക്കപ്പെട്ട അധഃസ്ഥിത മർദ്ധിത വിഭാഗങ്ങൾ കൈകോർത്തതോടെ സംഘപരിവാർ തോറ്റുതുന്നംപാടി. 2014-ഇൽ ഇതുപോലെ പിന്നാക്ക-ന്യുനപക്ഷ-ദളിത് ഐക്യം ഉണ്ടായിരുന്നെകിൽ ഇല്ലാത്ത മോഡി മാജിക്കും മോഡി തരംഗവും ഒന്നും സംഭവിക്കില്ലായിരുന്നു. 80 -100 സീറ്റുകളിൽ തീരുമായിരുന്നു ആ തരംഗം. നോട്ടു നിരോധനത്തിന്റെയും, ജി.എസ് .ടീയുടെയും നിലയില്ലാ കയങ്ങളിൽ ഇന്ത്യൻ ജനത എത്തിപ്പെടില്ലായിരുന്നു.

ഓർക്കുക, കഴിഞ്ഞ ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചില ചെറിയ വിട്ടു വീഴ്ചകൾക്ക് തയാറായി, എൻ.സി.പി, എസ് .പി തുടങ്ങിയ ചെറു കക്ഷികളുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കിൽ ബി.ജെ.പി ഇന്ന് പ്രതിപക്ഷത്തിരുന്നേനെ. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസ്സിന് അധികാരം ലഭിക്കാതെ പോയ ഗോവ, മേഘാലയ തുടങ്ങിയ ചെറു സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രതിപക്ഷത്തായേനെ.

ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നടത്തിയ സഹനസമരങ്ങൾ ജനാധിപത്യത്തിന്റെ വഴികാട്ടികളാണ്. മഹാരാഷ്ട്രയിലെ നിരാലംബരും നിസ്സഹായരുമായ കർഷകർ നാസിക്കിൽ നിന്നും മുംബൈയിലേക്ക് നടത്തിയ ഐതിഹാസിക സഹന സമരം ഇന്ത്യൻ ഫാസിസത്തെ പ്രധിരോധത്തിലാക്കിയിരിക്കുന്നു. ആ സമര വിജയത്തിന്റെ പ്രതിഫലനം കൂടിയാണ് ഉത്തർപ്രദേശ്-ബീഹാർ ഉപതിരഞ്ഞെടുപ്പു ഫലങ്ങൾ.

അഴിമതിയുടെ പേരിൽ അഴിക്കുള്ളിലായ ലാലു പ്രസാദിനെക്കാൾ നികൃഷ്ടരാണ് അധികാരത്തിനുവേണ്ടി ജനഹിതം അട്ടിമറിച്ചു നെറികെട്ട സഖ്യമുണ്ടാക്കിയ നിതീഷ്-ബി.ജെ.പി കൂട്ടുകെട്ടെന്നു ബീഹാറിലെ ജനങ്ങൾ വിധിയെഴുതി.

ഇനി വരാൻ പോകുന്നത് ഇന്ത്യയിലെ 69 ശതമാനത്തിലധികം വരുന്ന ജനങ്ങളുടെ മഹാസഖ്യം. നയിക്കുന്നത് കോൺഗ്രസ് തന്നെയാവും. മമത, ബിജു പട്നായിക്, കരുണാനിധി, ചന്ദ്രബാബു നായിഡു, ലാലു പ്രസാദ് , അഖിലേഷ്, മായാവതി , തുടങ്ങിയ നിരയിൽ ആരൊക്കെ ആ മഹാസഖ്യത്തിൽ അണിനിരക്കുമെന്നു കാത്തിരുന്നു കാണാം.

 

ന്യൂസ് ഡെസ്ക്, newsflash24x7.com

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top